അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും; അടച്ചുപൂട്ടല്‍ 21-ാം ദിവസത്തിലേക്ക്

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം വട്ടമാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും.
അതിനാല്‍ ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അധികാരമേറ്റതിനുശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശയാത്ര നടത്താൻ പദ്ധതിയിടുന്ന അമേരിക്കക്കാരെ ഷട്ട്ഡൗൺ പ്രതികൂലമായി ബാധിച്ചേക്കാം. യാത്രാ രേഖകൾ തയാറാക്കുന്നതിന് പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് യുഎസ് പാസ്‌പോർട്ട് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.