KeralaNews

കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിനൊപ്പം നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാം: മന്ത്രി ടി സിദ്ദിഖ്

സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളില്‍ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. ചന്തകളിൽ പണമിടപാടിനായി ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുവെന്ന പ്രചാരണം ശക്തമായതിനെ തുടർന്നാണ് മന്ത്രി നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതില്‍ ഒരു തടസവുമില്ലെന്ന് മന്ത്രി പറഞ്ഞു. കാർഷിക ചന്തകളില്‍ പണമിടപാട് ഡിജിറ്റില്‍ സംവിധാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്നും അദ്ദേഹം അറിയിച്ചു. കൃഷിവകുപ്പിന്റെ ഓണച്ചന്തകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായും നടത്തുന്നതിനാണ് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടി അധികമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ആശയത്തിന് പൊതുജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്താം എന്നതിന് അപ്പുറം മറ്റൊരു നിബന്ധനയും നിലവില്‍ കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 2000ത്തോളം കാർഷിക ചന്തകളില്‍ ഒന്നിലും ഏര്‍പ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ വിലയില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനാണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കാതെ കര്‍ഷകച്ചന്തകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button