NationalNews

ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ, ചെങ്കോട്ട ഇന്ന് തുറക്കും

ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.

അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഇതിനിടെ, സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു. ഇതിനിടെ, നൗഗാം സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നൗഗാം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പൊലീസ് സ്റ്റേഷൻ കെട്ടിടവും അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ​ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button