KeralaNews

ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ തിരിമറിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ജില്ലാ കലക്ടർ. ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരിയാണ് ഒന്നര വർഷത്തിനിടെ കാണാതായത്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ നേരിട്ടെത്തി ഇടമലക്കുടിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടവും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വിതരണക്കാരായ ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് ക്രിമിനൽ കേസെടുക്കും.

ഒരു മാസമായി ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നാലെ പരിശോധനയിൽ വീഴ്ച വരുത്തിയ രണ്ട് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

2024 മുതൽ 26 വരെയുളള കാലയളവിൽ 70 ടൺ അരിയുൾപ്പെടെ സ്റ്റോക്കുണ്ടെന്ന കണക്ക് നിലനിൽക്കെ, ആകെ കണ്ടെത്താനായത് അഞ്ച് ടൺ അരി മാത്രമായിരുന്നു. പൂഴ്ത്തിയ ഭക്ഷ്യസാധനങ്ങൾ ആർക്കാണ് മറിച്ചുനൽകിയതെന്നോ, എങ്ങിനെ തിരിമറി നടത്തിയെന്നോ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്തി നടപടി കടുപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button