
ശബരിമല യിലേക്ക് ട്രാക്ടറില്‍ യാത്ര നടത്തിയ സംഭവത്തില്‍ എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണം ദുര്‍ബലമായ വാദമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും അജിത് കുമാറിന് നല്‍കിയതായി ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് എഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി, ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനവുമുണ്ടായി. പിന്നാലെ അജിത്കുമാറിന്റെ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ശനിയാഴ്ച രാത്രി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്. ഈ രണ്ടു സമയത്തും ഭക്തര്‍ അധികമാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷയുടെ പ്രശ്‌നം ഉണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തിയതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. ‘കൂടുതല്‍ നടന്നാലോ, കയറ്റം കയറിയാലോ തനിക്ക് കാല്‍മുട്ടിന് വേദന ഉണ്ടാകുന്ന പ്രശ്‌നം മുമ്പേയുണ്ട്. അതിനാലാണ് ട്രാക്ടര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അത് ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമായി എന്ന് മനസിലാകുന്നു. എന്നാല്‍ മനഃപൂര്‍വം അത് ലംഘിക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല’- ഡിജിപിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.