KeralaNews

യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക.

സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കി പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

2023 നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button