KeralaNews

ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാവും

ക്രിസ്തുമസ്–പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി, ഇതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് ആരോപിച്ചു. ഇത്തരം വർഗീയ അക്രമങ്ങളിൽ നിന്ന് കേരളം വിട്ടുനിൽക്കും എന്നതാണ് നമ്മുടെ പൊതുബോധ്യമെന്നും, എന്നാൽ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

തപാൽ ഓഫീസുകളിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഗണഗീതം പാടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തന്നെ റദ്ദാക്കേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്. പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ അക്രമം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായികരിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തു വന്നത്. കരോള്‍ സംഘങ്ങളെ അപമാനിക്കുന്നരീതിയില്‍, അവര്‍ പൊതുവായി മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോള്‍ നടന്നതെന്നുമുള്ള ന്യായീകരണങ്ങളാണ് ചില മുതിര്‍ന്ന നേതാക്കള്‍ നിരത്തിയത്. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.

അക്രമങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ചില സ്കൂളുകളിൽ സുരക്ഷാ കാരണങ്ങളാൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയതായും അറിയിച്ചു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൗലികാവകാശങ്ങൾക്ക് നേരെയുള്ള യാതൊരു കടന്നുകയറ്റവും സർക്കാർ അനുവദിക്കില്ലെന്നും, കഴിഞ്ഞ വർഷം കേക്കും കൊണ്ടു ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലും എത്തിയവർ തന്നെ ഇന്ന് ക്രിസ്തുമസ് കരോൾ സംഘങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക ഐക്യവും സംരക്ഷിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button