
യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്മസും ഏറ്റെടുത്തുവെന്നും പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ നടന്ന ക്രിസ്മസ് ദിന ശുശ്രഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. ക്രൈസ്തവ വിശ്വാസികൾക്ക് എതിരായ ആക്രമണം കൂടി കൂടി വരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊല്ലം ഇടമൺ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടം സെന്റ്. മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ജീവനെടുക്കാനും മർദ്ദിക്കാനും ഭയപ്പെടുത്താനും അവർക്ക് കഴിയും. ചേർത്തുനിർത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. ഭ്രാന്ത് കാണിക്കുന്ന വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയങ്ങളിൽ വെളിച്ചം കൊടുക്കണമെയെന്ന് പ്രാർത്ഥിക്കാമെന്നും ക്രിസ്മസ് ദിന സന്ദേശത്തിൽ ക്ലിമീസ് ബാവ പറഞ്ഞു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമ്മങ്ങൾക്ക് നേത്യത്വം നൽകി. തിന്മയിൽ നിന്ന് നന്മയിലേക്ക് വഴിമാറാൻ കൂടിയാണ് ക്രിസ്മസ് പഠിപ്പിക്കുന്നതെന്നും പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.


