
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് പുറത്തു വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സംഘം, ലൈംഗിക വൈകൃത കുറ്റവാളികള്‍, അവര്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം തള്ളുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
‘സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? വന്ന തെളിവുകളും ഇരയായ ആളുകള്‍ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് എന്താണ്? എന്തുകൊണ്ടാണ് അവര്‍ തെളിവുമായി മുന്നോട്ടുവരാന്‍ തയ്യാറാവാതിരുന്നത്. ഗൗരവത്തോടെ കാണേണ്ട കാര്യങ്ങളാണ്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നു തള്ളും എന്നതാണ് ഓരോരുത്തരോടും ഉയര്‍ത്തിയിട്ടുള്ള ഭീഷണി. നിസ്സഹായയായ ഓരോ യുവതിയും ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്ക് പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് അവര്‍ കണക്കാക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവരുന്നത്. വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം.’- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. ശബരിമലയുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നു എന്നത് വസ്തുതാപരമായ കാര്യമാണ്. ആ കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ ആയിരുന്നില്ലെങ്കില്‍ ഇത്രയും കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് വിശ്വാസികളുടെ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടാവുന്നത്. പക്ഷേ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ദുഷ്പ്രചാരണമാണ് ബിജെപിയും യുഡിഎഫും നടത്തുന്നത്. ഈ കാര്യത്തില്‍ രണ്ടുപേരും ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. യുഡിഎഫിന്റെ കേന്ദ്രങ്ങളില്‍ അടക്കം എല്‍ഡിഎഫ് മുന്നേറും. മികവാര്‍ന്ന വിജയത്തിലേക്ക് എല്‍ഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.



