
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ, കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു വരി തുരങ്കപാതയ്ക്ക് ( wayanad tunnel) കേന്ദ്ര അനുമതി. 60 ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മെയ് 14-15 തീയതികളില്‍ നടന്ന 401-ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചര്‍ച്ച ചെയ്ത് അനുമതി നല്‍കാനുള്ള അന്തിമ തീരുമാനമെടുത്തത്. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതിനിടെ, തുരങ്കപാതക്ക് കേന്ദ്ര അനുമതി ലഭിച്ചതിന് പിന്നാലെ പ്രവൃത്തി ഉടന്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. സ്വപ്ന പദ്ധതിയാണ് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അന്തിമ പാരിസ്ഥിതിക അനുമതിയുടെ വിജ്ഞാപനവും ഉടന്‍ ഇറങ്ങുമെന്നും ലിന്റോ ജോസഫ് പറഞ്ഞു.
അതിനിടെ വയനാട് തുരങ്കപാതയ്‌ക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ മാധ്യമങ്ങളോട് പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.