
രണ്ടാഴ്ച മുന്‍പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യുഎഇയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു.
ജൂലൈ എട്ടിനായിരുന്നു കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്ന് ആരോപിച്ച് വിപഞ്ചികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.