KeralaNews

ബി ബി ഗോപകുമാര്‍ സ്ഥാനാര്‍ത്ഥി; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിജെപിയും

നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാര്‍ ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി ബി ഗോപകുമാർ 33-ാമനായും വി മുരളീധരന്‍ 64ാമനായും രാജീവ് ചന്ദ്രശേഖര്‍ 83-ാമനുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റേയും അധ്വാനത്തിന്റെയും ഫലമാണിതെന്നും 30ലക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ മറ്റു സംസ്ഥാന നേതാക്കളും പ്രകടനത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button