അതിഷി ഇനി ഡല്‍ഹിയിലെ പ്രതിപക്ഷത്തെ നയിക്കും
പദവിയിലേക്ക് എത്തുന്ന ആദ്യ വനിത നേതാവ്
ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി തിരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
തന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു. വനിത മുഖ്യമന്ത്രിയുടേയും വനിത പ്രതിപക്ഷ നേതാവിന്റേയും ശക്തമായ പോരാട്ടങ്ങൾക്ക് ഇനി ഡൽഹി സാക്ഷ്യം വഹിക്കും.
ഈ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ 2025 വരെ അതിഷി ഡൽഹി മുഖ്യമന്ത്രിയായിരുന്നു. മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചത്.