
താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ 11 മണിക്ക് എ എം എം എ ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന.
മെമ്മറി കാർഡ് വിവാദവും യോഗത്തിൽ ചർച്ചയാകും. ഡബ്ല്യു സി സി യിലെ അംഗങ്ങളോടുള്ള പുതിയ നേതൃത്വത്തിൻ്റെ സമീപനയും നിർണ്ണായകമാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്യുന്നു എന്ന് ഡബ്ല്യൂ സി സി അംഗങ്ങൾ പ്രതികരിച്ചിരുന്നു.
അമ്മയില്‍ ചരിത്രം കുറിച്ചുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന് തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജയന് ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.