KeralaNews

ശ്വേത മേനോന് ആശ്വാസം; തുടർനടപടികൾ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി

നടി ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. പൊലീസിൽ നിന്ന് വിവരങ്ങൾ തേടാതെ സിജെഎം തിടുക്കത്തിൽ നടപടി എടുത്തെന്ന വിമർശനവും കോടതി ഉന്നയിച്ചു. സംഭവത്തിൽ എറണാകുളം സിജെഎം കോടതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്വേത മേനോൻ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്‍റെ നടപടി.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരെ വന്ന പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കോടതി നിര്‍ദേശപ്രകാരമുള്ള നടപടി. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതക്കെതിരെ കേസ് എടുത്തത്.

ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. പിന്നീട് പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസ് എടുക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button