
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തും. അർധ രാത്രി 12 മണിയോടെയാണ് നവാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും.