
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്. കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്.
ഏറ്റവുമൊടുവിൽ സരിത എസ് നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ വരുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.
മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ തനിക്ക് വേദനയെന്നും ബാബുരാജ് പറഞ്ഞു. നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നടനും നിർമാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തിരുന്നു.