KeralaNews

കന്യാസ്ത്രീകളുടെ അറസ്റ്റ്; വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം : മുഖ്യമന്ത്രി

കന്യാസ്ത്രീകള്‍ക്കെതിരായ ഛത്തിസ്ഗഢിലെ അതിക്രമം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘപരിവാര്‍ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാര്‍ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടര്‍ തന്നെയാണ് മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നത്.

രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും സംഘപരിവാര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉള്‍പ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേല്‍പ്പിക്കാനാണ് സംഘപരിവാര്‍ ശ്രമം. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button