
കാലിക്കറ്റ് സര്‍വകലാശാല ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യുവതലമുറ ഗായകരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന കാലിക്കറ്റ് സര്‍വകലാശാല വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ ശക്തമായി അപലപിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
യുവഗായകരുടെ പാട്ടുകള്‍ നീക്കാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നില്‍. വൈസ് ചാന്‍സലര്‍ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്‌കാരിക ബോധത്തെ തിരിച്ചറിയണം എന്നും അദ്ദേഹം പ്രതികരിച്ചു.
വി ശിവന്‍കുട്ടിയുടെ പോസ്റ്റ് പൂര്‍ണരൂപം-
കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ ശക്തമായി അപലപിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം.
ചാന്‍സലര്‍ നിയമിച്ച സര്‍വകലാശാല ഭരണസമിതി അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നില്‍. വൈസ് ചാന്‍സലര്‍ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്‌കാരിക ബോധത്തെ തിരിച്ചറിയണം എന്നാണ് പറയാനുള്ളത്.
കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ ആയിരുന്നു വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം പാട്ടുകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളം വിഭാഗം മുന്‍ മേധാവി ഡോ.എം.എം.ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ്പര്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ടുമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങിയത്. പാട്ടുകള്‍ക്ക് പാഠ്യവിഷയമാക്കിയതിന് എതിരെ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതിയും നല്‍കിയിരുന്നു.