
കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ വീടിന്‍റെ ഒരുഭാഗം തകർന്നു റോഡിലേക്ക് വീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. രാത്രി 7:45ടെയാണ് ചൊവ്വന്നൂർ ചുങ്കത്ത് വീട്ടിൽ സാബുവിന്‍റെ വീടിന്‍റെ മുൻഭാഗം തകർന്ന് വീണത്. ആർക്കും പരിക്കില്ല. അപകടം നടക്കുമ്പോഴും സംസ്ഥാനപാതയിലൂടെ വാഹനങ്ങൾ കടന്ന് പോയിരുന്നു.
മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. മഴയിൽ ചുമരുകൾ നനഞ്ഞ് കുതിർന്നതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടം നടക്കുമ്പോൾ ഇതുവഴി വന്ന ഓട്ടോറിക്ഷയും ബൈക്കും അപകടത്തിൻ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെ കാസർഗോഡും മഴയെ തുടർന്ന് വീട് തകർന്നിരുന്നു. കാഞ്ഞങ്ങാട് അത്തിക്കോത്ത് എ സി നഗറിലെ എം കണ്ണന്‍റെ നിർമാണത്തിലിരുന്ന വീടാണ് വെള്ളിയാഴ്ച ശക്തമായ മഴയിൽ തകർന്നു വീണത്. വീടിന്‍റെ അടുക്കളഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടതിനു ശേഷമാണ് വീട് ഇടിയാൻ തുടങ്ങിയത്. കാഞ്ഞങ്ങാാട് നഗരസഭ പിഎംഎവെ പദ്ധതിയിൽ നിർമാണം നടന്നു കൊണ്ടിരുന്ന വീടായിരുന്നു ഇത്. റവന്യു അധികൃതരെത്തി നാശനഷ്‌ടം വിലയിരുത്തി.