KeralaNews

ആരോഗ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരും; രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗുരുതരമായ ഒന്നിലേറെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ തന്നെ വന്ന് ഡിക്ലയര്‍ ചെയ്യുകയാണ് അകത്ത് ആളില്ല എന്ന്. അതിന് ശേഷം തിരച്ചിലുകള്‍ അലസമായെന്നും രാഹുല്‍ ആരോപിച്ചു.

ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം ജില്ലയില്‍ ഉണ്ടായിട്ടും മനുഷ്യ ജീവന്‍ നഷ്ടമായി. രണ്ടര മണിക്കൂറും ഒരു മനുഷ്യജീവനും നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തെരച്ചില്‍ നടപടികള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശുപത്രിയിലെ പുതിയ കെട്ടിടം പണികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടും ഏത് മുഹൂര്‍ത്തത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ ഉദ്ഘാടന മാമാങ്കം നടത്തുകയുള്ളൂ. സര്‍ക്കാര്‍ പിആറിന്റെ രക്തസാക്ഷിയാണ് മരിച്ച ബിന്ദു. മുന്‍പ് ആരോഗ്യവകുപ്പില്‍ ചികിത്സ തേടിവരുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ കൂട്ടിരിക്കാന്‍ വരുന്നവരും പേടിക്കണം.

ജീവഭയത്താല്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകുകയാണ്. ഇത് ഇന്‌സ്ടിട്യൂഷണല്‍ മര്‍ഡറാണ്. ഇത് കൊലപാതകമാണ്. അതിന്റെ ഉത്തരവാദി കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. വീഴ്ചകളെല്ലാം സിസ്റ്റം എറര്‍. പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം. കോട്ടങ്ങളുടെ സിസ്റ്റത്തില്‍ മന്ത്രിയില്ലേ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. മന്ത്രി രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button