
ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള പൊലീസ് അവിടെ ചെന്ന് മൃതദേഹം കണ്ട് മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്ന തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാര്‍നാഥില്‍ മരിച്ചെന്ന വിവരം ലഭിക്കുന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ കേദാര്‍നാഥിലേക്ക് തിരിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന കേരള പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് സമയമെടുത്തേക്കും. പ്രേംകുമാറിന്റേത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പ്രേംകുമാറിന്റെ ഭാര്യ കൈതവളപ്പില്‍ രേഖ (43), ഭാര്യാമാതാവ് മണി (74 ) എന്നിവരെ പടിയൂരിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഉദയംപേരൂര്‍ സ്വദേശിനിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രേഖയുമായി അടുപ്പത്തിലാകുന്നത്.