
” അനുഭവ തീച്ചൂളയിൽ സ്ഫുടം ചെയ്ത വാക്കുകൾക്കൊണ്ട് ജീവിതാസക്തികളുടെ ഉച്ചിയിൽ ശമനതാളം പണിയുന്നു ശ്രീ. ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ ‘ഏകാന്ത ഗന്ധങ്ങൾ’ എന്ന പുസ്തകം.
നിദ്രയുടെ ആലസ്യത്തിൽ നിന്നും പ്രതീക്ഷകളുടെ പുത്തൻ ഉണർവ്വിലേക്കു നയിക്കുന്ന ജീവിതക്കുറിപ്പുകളാണ് ഓരോ അധ്യായവും. .
തിരക്കിട്ട ജീവിതയാത്രയിൽ നിത്യവും കാണുന്ന കാഴ്ചകൾക്ക് അക്ഷരരൂപം തീർക്കുകയാണ് അദ്ദേഹം. മനുഷ്യജീവിതങ്ങൾ വായിച്ചെടുക്കുക എന്നത്, ഒരു നോവൽ വായനപോലെ എളുപ്പമല്ല. നിരന്തരമായ നിരീക്ഷണങ്ങൾ കൊണ്ടും, അനുഭവങ്ങളുടെ ചൂളയിൽ ചുട്ടെടുത്തും, തെറ്റിയും തിരുത്തിയും ,അനവധി തവണ മനനം ചെയ്തും സ്വായത്തമാക്കുന്നതാണ് ആ വിദ്യ.മാത്രമല്ല, ഒരോ കുറിപ്പുകളും വ്യത്യസ്ഥവും ചിരപരിചിതമെന്ന് അനുഭവിപ്പിക്കുന്നതുമാണ്. സഹജീവികളിലേക്കും, പ്രകൃതിയിലേക്കും തുറന്നുവെച്ച മനക്കണ്ണുകളായി മാറുന്നുണ്ട് പുസ്തകം.
വായനക്കാരൻ്റെയുള്ളിൽ ജനിച്ചും വളർന്നും അടിഞ്ഞുകൂടിയ അഹംബോധത്തെയും, മാലിന്യങ്ങളെയും നിർമ്മാർജ്ജനം ചെയ്യാൻ അനുഭവങ്ങളുടെ ഈ “ഏകാന്ത ഗന്ധങ്ങൾ”ക്ക് കഴിയുന്നുണ്ട് .
വായിക്കുന്നവർക്ക് അവരെക്കുറിച്ചാണെന്ന് തോന്നിപ്പിക്കുന്ന ഗംഭീരമായ ഭാഷാശൈലിയാണ് ഈ പുസ്തകത്തെ മറ്റേതൊരു കൃതികളിൽ നിന്നും വേറിട്ടുനിർത്തുന്നുണ്ട് .
ജീവിതമൂല്യങ്ങൾ പരിഗണിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്
ശ്രീനി നിലമ്പൂർ.