നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവൻ കല്യാണിനെതിരെ നിരവധി വിർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്.
66കാരനായ കൃഷ്ണ മുരളിയെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏത് കേസിലാണ് പോസാനി കൃഷ്ണ മുരളി അറസ്റ്റിലായതെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. ഇദ്ദേഹത്തെ പോലീസ് ആന്ധ്രാപ്രദേശിലേക്ക് മാറ്റുകയാണ്. വൈഎസ്ആർസിപിയുടെ മുൻ ഗന്നവരം എംഎൽഎ വല്ലഭനേനി വംശിയുടെ അറസ്റ്റിന് പിന്നാലെയാണ് കൃഷ്ണ മുരളിയെയും അറസ്റ്റ് ചെയ്തത്.
വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളി മുൻ വൈഎസ്ആർസിപി ഭരണകാലത്ത് ആന്ധ്രാപ്രദേശ് ഫിലിം, ടിവി, തിയേറ്റർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (A P F T T D C) ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷനുകൾ 196 , 353 (2) , 111 (5) , സെക്ഷൻ 47 (1) , (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് നൽകിയ അറസ്റ്റ് നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.