CinemaNews

ലക്ഷ്യം മോഹൻലാലും ആന്റണി പെരുമ്പാവൂരും? എമ്പുരാന് ‘കുരുക്കിടാൻ’ ഫിലിം ചേംബർ, പുതിയ നീക്കം

കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിനായിരുന്നു തുടക്കം കുറിച്ചത്. ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ നോട്ടീസ് നൽകിയിരുന്നു. ഇതോടെ മലയാള സിനിമ മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ഫിലിം ചേംബർ.

മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി കരാർ ഒപ്പിടാനാണ് പുതിയ നിർദ്ദേശം. ഈ നിർദ്ദേശം ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും പൂട്ടാനാണെന്നാണ് സൂചന. കാരണം മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘എമ്പുരാൻ’ മാർച്ച് 27ന് ആണ് റിലീസ് ചെയ്യുന്നത്. ഈ നീക്കങ്ങൾക്ക് എല്ലാം ഫിയോക്കിന്റെ പൂർണ പിന്തുണയുമുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതുകൊണ്ട് മറ്റു സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ചേംബർ അവകാശപ്പെടുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ആന്റണി പെരുമ്പാവൂർ നിർമ്മാതാവ് ജി സുരേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജി സുരേഷ് കുമാറിനുണ്ട്. എന്നാൽ, ഒരു സംഘടനയെ പ്രതിനിധികരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോദ്ധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും സാധിക്കൂ എന്നാണ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ഏഴ് ദിവസത്തെ സമയമാണ് ആന്റണിക്ക് ഫിലിം ചേംബർ നൽകിയത്. ഇ-മെയിലിലും രജിസ്‌ട്രേഡ് തപാലിലുമാണ് വിശദീകരണം തേടിയത്. വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ജൂൺ ഒന്നുമുതലാണ് സംഘടനകൾ സിനിമാ സമരം പ്രഖ്യാപിച്ചത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സർക്കാർ പിൻവലിക്കണം, താരങ്ങൾ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിനിമാ നിർമ്മാണം വൻ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ല എന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ജൂൺ ഒന്നു മുതൽ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button