
എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായുള്ള ചികിത്സാ സഹായ ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഏത് ചികിത്സയ്ക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് സൗജന്യമായി നല്‍കിവരുന്ന മരുന്നിനെ കുറിച്ച് വിശദീകരിച്ചതെന്നും നൂതന ചികിത്സയിലൂടെ കുട്ടികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ആരോഗ്യ വീണ്ടെടുപ്പിനുമായി സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.
കുറിപ്പിന്റെ പൂര്‍ണരൂപം:
എസ്.എം.എ ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി കോഴിക്കോട് നടക്കുന്ന ക്യാമ്പെയിനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്.ഏത് ചികിത്സയ്ക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്ന റിസ്ഡിപ്ലാം മരുന്നിനെക്കുറിച്ച് ഞാന്‍ വിശദീകരിച്ചത്. ക്യാമ്പെയിന്‍ ജീന്‍ തെറാപ്പിക്കുവേണ്ടിയായിരുന്നു. എന്നാല്‍ ഇക്കാര്യം ചോദ്യത്തില്‍ വ്യക്തമല്ലായിരുന്നു.എസ്.എം.എ. ബാധിതര്‍ക്കുള്ള ഓറല്‍ മരുന്നായ റിസ്ഡിപ്ലാം സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്നുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചികിത്സാരീതിയും ഇതാണ്.
ജീന്‍ തെറാപ്പി സര്‍ക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് നൂതന ചികിത്സയിലൂടെ കുട്ടികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കുഞ്ഞുങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഏത് ശ്രമവും മന്ത്രിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.ആപത്ത് ഘട്ടങ്ങളില്‍ ജാതിയോ മതമോ വര്‍ണമോ വര്‍ഗമോ നോക്കാതെ സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം ഈ കുഞ്ഞുങ്ങളുടെ കാര്യത്തിലും പ്രകടമാകുന്നത് ഏറെ അഭിമാനകരമാണ്.വ കുഞ്ഞുങ്ങളുടെ ആരോഗ്യവും ജീവിതവും തന്നെയാണ് പ്രധാനം. അവരുടെ ചികിത്സയ്ക്കും ആരോഗ്യ വീണ്ടെടുപ്പിനുമായി സമൂഹം ഒന്നിച്ചു നില്‍ക്കണം.



