
തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും അത്യസാധാരണ നടപടിയും. ദീപസ്തംഭത്തിൽ ദീപം തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർ രാഷ്ട്രീയ യജമാനന്മാർക്കായി പ്രവർത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങൾ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയമായെന്നും നടപടിയുണ്ടായില്ലെങ്കിൽ ഭരണഘടനാ അരാജകത്വത്തിന് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകിയ സുപ്രീംകോടതി, തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. നാളെ ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഉത്തരവിട്ട കോടതി, പ്രദേശത്തെ സുരക്ഷ കേന്ദ്ര സേന (സി ആർ പി എഫ്) ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു.
മലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും എല്ലാ വിശ്വാസികൾക്കും ദീപം തെളിയിക്കാൻ സൗകര്യം നൽകണമെന്നും ഉത്തരവിലുണ്ട്. ഇതിനൊപ്പം സമീപത്തുള്ള ദർഗയ്ക്ക് മതിയായ സുരക്ഷ ഒരുക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.



