
മണ്ഡല പുനര്‍നിര്‍ണയ ബില്‍ കേന്ദ്രം അവതരിപ്പിക്കാനിക്കെ പാര്‍ലമെന്റ് പ്രാതിനിധ്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടെടുത്ത് ഡിഎംകെ. മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാലും ലോക്സഭയില്‍ തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയാന്‍ പാടില്ലെന്നാണ് ഡിഎംകെയുടെ ആവശ്യം. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം 25 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. എക്‌സിലിട്ട പോസ്റ്റിലൂടെയാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മണ്ഡല പുനര്‍നിര്‍ണയം തിരിച്ചടിയാകുമെന്ന ആശങ്കകള്‍ക്കിടയിലാണ് പിന്നോട്ടില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 30-ാം തിയതി മുതല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന രേഖാമൂലമായ ഉറപ്പ് ലഭിച്ചാല്‍ ബില്ലിനെ പിന്തുണയ്ക്കാമെന്നായിരുന്നു ഡിഎംകെയുടെ മുന്‍ നിലപാട്.
ഡിസംബര്‍ 31-ന് മുന്‍പ് പുതിയ ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടിയില്ലെങ്കില്‍ നിലവിലുള്ള ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കുമെന്നും അത് തമിഴ്നാടിന്റെ സീറ്റുകള്‍ കുറയാന്‍ കാരണമാകുമെന്നും മുതിര്‍ന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാളെ ചെന്നൈയില്‍ ഡിഎംകെയുടെ നിര്‍ണായക യോഗം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.



