NationalNews

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; മുഖ്യമന്ത്രി വിജയ്‌യുടെ പങ്കിൽ വ്യക്തത തേടി സുപ്രീംകോടതിയിൽ

മധുരയിലെ തിരുപ്പരങ്കുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി. പരാതിക്കാരനായ രാമ രവികുമാറാണ് ഹർജി സമർപ്പിച്ചത്. ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കോ മന്ത്രിമാർക്കോ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്ത രീതിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടലുകളും വ്യക്തമാക്കി തമിഴ്‌നാട് ചീഫ് സെക്രട്ടറി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, കോടതി ഉത്തരവ് ലംഘിച്ചതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ 24-ന് ഒറ്റത്തവണത്തേക്കായി ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ നവംബർ 20-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് നൽകിയത്. എന്നാൽ, ദീപത്തൂണിന് പകരം പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ മാത്രമാണ് ചടങ്ങ് നടന്നത്. ക്ഷേത്ര ഭരണസമിതി അനുമതി നൽകാത്തതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചത്. ഉത്തരവ് പാലിക്കാത്തതിൽ മധുര ജില്ലാ കളക്ടറും സംസ്ഥാന സർക്കാരും കോടതിയിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button