InternationalNews

പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമാകുന്നു; ഹോർമുസിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടു; സൗദി-ഹൂതി ഏറ്റുമുട്ടലും അതിശക്തം

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടതോടെ മേഖലയിൽ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്. കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടിയാണ് കപ്പലുകൾ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നാലുപേരെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. അമേരിക്കയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾക്കായി എത്തിയ തീവ്രവാദ സംഘമാണിതെന്ന് റെവല്യൂഷണറി ഗാർഡ് ആരോപിച്ചു. അറസ്റ്റിലായവരിൽ നിന്ന് 52 കലാഷ്‌നിക്കോവ് റൈഫിളുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

മറുവശത്ത്, യെമൻ കേന്ദ്രീകരിച്ച് സൗദി സഖ്യസേനയും ഹൂത്തി വിമതരും തമ്മിലുള്ള ഏറ്റുമുട്ടലും രൂക്ഷമായിരിക്കുകയാണ്. സൗദിയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആകാശത്തുവെച്ച് തന്നെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇതിന് തിരിച്ചടിയായി യെമനിലെ വിവിധ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 67 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടന്നതായി ഹൂത്തികൾ വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും ഹൂത്തി സൈനിക വക്താവ് ആരോപിച്ചു. അതേസമയം, യെമൻ സർക്കാരിന്റെ ആസ്ഥാനമായ ഏദൻ നഗരം ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി യെമൻ സർക്കാർ അറിയിച്ചു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ മിസൈൽ ദമാർ മേഖലയിൽ പതിക്കുകയായിരുന്നു. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള എണ്ണ വിപണിയെയും സുരക്ഷാ സാഹചര്യങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button