KeralaNews

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്: പ്രതി സുഹൈൽ സജീവ് പുറത്തിറങ്ങി

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി നേരത്തെ സുഹൈൽ സജീവിന് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മറ്റ് പ്രതികളായ അമീൻ, ജോയൽ, നിനവ് എന്നിവർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ ശേഖരിക്കാൻ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും, ഈ മാസം 16-ന് മാത്രമേ പുറത്തിറങ്ങാൻ ആകൂ എന്ന് കോടതി നിർദ്ദേശിക്കുകയും ആയിരുന്നു.

റിമാൻഡ് തടവുകാരനായി ഒരു മാസത്തോളം ബോസ്റ്റൽ സ്‌കൂളിൽ കഴിഞ്ഞ ശേഷമാണ് സുഹൈൽ ഇന്ന് പുറത്തിറങ്ങുന്നത്. വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 160 കിലോമീറ്ററിലധികം വേഗതയിലാണ് സുഹൈൽ വാഹനമോടിച്ചിരുന്നതെന്നും ശരീരത്തിൽ താങ്ങാവുന്നതിന്റെ അഞ്ചിരട്ടി മദ്യമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button