
എൻസിപി ലയനചർച്ചകൾ നടന്നില്ലെന്ന് ബിജെപി. രണ്ട് എൻസിപി പാർട്ടികളും ലയനത്തിനായി സമീപിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് വ്യക്തമാക്കിയത്. ബിജെപിയില്ലാതെ ലയനം നടക്കില്ല. സുനേത്ര പവാറിനെ അജിത് പവാറിനോട് താരതമ്യം ചെയ്യാനാകില്ല. സുനേത്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരികയാണ്. എൻസിപി ലയന ചർച്ചകൾ സജീവമായിരിക്കെയാണ് ഫഡ്നാവിന്റെ പരാമർശങ്ങൾ. എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലയനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ശരദ് പവറും സുനേത്ര പവാറുമാണ് വ്യക്തത വരുത്തേണ്ടത്. ലയനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും ബിജെപിയുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവർ ലയനത്തെക്കുറിച്ച് തീരുമാനിക്കുകയാണെങ്കിൽ തങ്ങളെ അറിയിക്കും, കാരണം ഞങ്ങളുടെ പിന്തുണയില്ലാതെ ലയനം നടക്കില്ല. എന്നാൽ ഇതുവരെ ആരും യാതൊരു കാര്യവും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. സുനേത്ര പവാർ വിഭാഗത്തിലെ പ്രഫുൽ പട്ടേൽ, പാർത്ഥ് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ കഴിഞ്ഞ ആഴ്ച എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും ശക്തമായത്. നെഞ്ചിലെ അണുബാധയെ തുടർന്ന് ശരദ് പവാർ അടുത്തിടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സുനേത്ര പവാറിന്റെയും അന്തരിച്ച അജിത് പവാറിന്റെയും നേതൃപാടവത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. ദശാബ്ദങ്ങളുടെ രാഷ്ട്രീയ പരിചയസമ്പത്തും മഹാരാഷ്ട്രയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഉള്ള നേതാവായിരുന്നു അജിത് ദാദ. എന്നാൽ സുനേത്ര പവാർ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അതിനാൽ അവരെ അജിത് ദാദയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



