ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന് മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഒഴിവാക്കി. ആശാ വര്‍ക്കാരുമാരുടെ ഓണറേറിയത്തിന് നേരത്തെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ഓണറേറിയം കുടിശിക ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശാ വര്‍ക്കര്‍മാര്‍ മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല.
രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശികയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത്. കുടിശ്ശിക നല്കാന് 52.85 കോടി രൂപയാണ് അനുവദിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദിവസങ്ങളായി ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തത്.
അതിനിടെ സമരത്തെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആശ വര്‍ക്കര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ വര്‍ഷവും ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ബജറ്റിലും അവരെ പ്രത്യേകം പറയുമെന്ന് വിചാരിച്ചാണ് ഇവര്‍ സമരം ചെയ്യുന്നത്. എന്നാല്‍ ആശ വര്‍ക്കര്‍മാര്‍ സ്കീം വര്‍ക്കര്‍മാരാണ്. അവര്‍ക്ക് ഏറ്റവും നല്ല ശമ്പളം നല്കുന്ന സംസ്ഥാനമാണ് കേരളം എന്നായിരുന്നു ബാലഗോപാല്‍ പറഞ്ഞത്.