KeralaNews

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

ചേരാനല്ലൂര്‍ ബെന്‍സ് വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കാറിലെ ജഡ്ജ് എന്നെഴുതിയ ബോര്‍ഡ് എടുത്തു മാറ്റിയെന്നും, പൊലീസുകാരെ ചട്ടവിരുദ്ധമായി സ്വാധീനിച്ചുവെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം തങ്ങള്‍ക്കുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണം എന്നതാണ് ആവശ്യം. പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം എത്തിയത് ചട്ടവിരുദ്ധമായാണ്. ഇതിന്റെ ഉദ്ദേശ്യം പൊലീസുകാരെ സ്വാധീനിക്കുക എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 238 കൂടി ജഡ്ജിക്കെതിരെ ചുമത്തണം എന്നുള്ളതാണ് പ്രധാനപ്പെട്ട ആവശ്യം.

അതേസമയം, 17 കാരന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന അപീലില്‍ ഇന്നും വാദം തുടരും. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ ഹാജരാവും. 17കാരന്റെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയിലാണ് കേസ്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും അപീല്‍ അപേക്ഷയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോടതിയില്‍ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ ഇതുവരെ ഹൈകോടതി അഡ്മിനിസ്‌ട്രേറ്റിവ് ബോര്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button