
തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിലുള്ള സബ്ജയിലില്‍ നിന്നും ചാടിപ്പോയ തടവുകാരില്‍ 13 പേരെ പിടികൂടി പൊലീസ്. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് കൂടുതല്‍ പേരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. 17 പേരില്‍ കണ്ടെത്താനുള്ള നാലുപേര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയതായി സൗത്ത് സോണ്‍ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ജയില്‍ച്ചാടിയത്. പ്രദേശവാസികളും തടവുകാരുടെ തെരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. തടവുകാരില്‍ ഒരാളെ അയാള്‍ രക്ഷാപ്പെടാന്‍ ശ്രമിച്ച ഓട്ടോയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഈ ഓട്ടോയില്‍ തന്നെ പൊലീസ് ജയിലില്‍ എത്തിക്കുകയും ചെയ്തു.
പ്രതിയാണെന്ന് തിരിച്ചറിയാതെയാണ് ഓട്ടോ ഡ്രൈവര്‍ ഇയാളെ വണ്ടിയില്‍ കയറ്റിയത്. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് പരിശോധനയ്ക്കിടെ ഓട്ടോ തടഞ്ഞത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. 17 പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് തമിഴ്‌നാട് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. കേരളം പൊലീസുമായി ചേര്‍ന്ന് ഇടുക്കി, മധുര, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ താത്കാലിക ചെക്ക് പോസ്റ്റുകളും സജ്ജീകരിച്ചിരുന്നു.
എന്‍ സോളൈ മുഗിലേശ്വരന്‍, കെ മീനാക്ഷി സുന്ദരം, എം കറുപ്പസ്വാമി, പി ശബരീനാഥന്‍, പി പൊന്‍മുത്തു സെല്‍വന്‍, ജി നിഷാന്ത്, എം മുത്തുഇളംഗോവന്‍, ആര്‍ റെജിന്‍, സി ധരുണ്‍ കുമാര്‍, കെ തിരുപ്പതി, പി പാണ്ഡിസെല്‍വം, എന്‍ കാര്‍ത്തിക് രാജ, ടി പ്രവീണ്‍ കുമാര്‍, എസ് സിലംബരശന്‍, എ രാജാ സിക്കന്‍ധര്‍, കെ രാജ്കുമാര്‍, ജെ ലിംഗപ്രസാദ് എന്നിവരാണ് തടവുചാടിയത്. പ്രതികളിലൊരാളെ തൊട്ടടുത്ത കാട്ടില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഡ്രോണുകള്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (പ്രിസണ്‍സ്) ആന്‍ഡ് കറക്ടീവ് സര്‍വീസ് ഡോ. സന്ദീപ് റായ് റാത്തോഡ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആര്‍ കനകരാജ്, ഡിഐജി പ്രിസണ്‍സ് മധുരൈ എ മുരുഗേഷന്‍, ഐജിപി സൗത്ത് സോണ്‍ വിജയേന്ദ്ര എസ് ബിദാരി എന്നിവര്‍ പ്രാദേശിക ജയില്‍ അധികൃതരെ സന്ദര്‍ശിക്കുകയും ജയില്‍ പരിസരങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവരെല്ലാം ഒരു സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. 200 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള തേനി ജയില്‍ 2019 ജനുവരി 10മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.



