KeralaNews

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി

നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്‍പത് പടികളില്‍ ദേവീദേവന്‍മാരുടെ രൂപങ്ങള്‍ വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ സംഖ്യകളിലാണ് പരമ്പരാഗതമായി പടികള്‍ ഒരുക്കുന്നത്.

സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യന്‍ ശിവ-പാര്‍വതി, ശ്രീകൃഷ്ണനും രാധയും കൂടാതെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട- കര്‍ഷകന്‍, കച്ചവടക്കാരന്‍, പാര്‍ക്ക്, ഗ്രാമീണ ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന ചെറു രൂപങ്ങളും ഉണ്ടാകും. ഓരോ പടികളിലും വ്യത്യസ്ത നിറങ്ങളിലുള്ള തുണികള്‍ വിരിച്ച്, പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചാണ് കൊലു ഒരുക്കിയിരിക്കുന്നത്.

ദേവിയുടെ മുഖം ചാര്‍ത്തി, ആടയാഭരണങ്ങള്‍ അണിയിച്ചുള്ള പ്രധാന രൂപം തന്നെയാണ് ഏറ്റവും ആകര്‍ഷകം. ഹിന്ദുവിശ്വാസത്തില്‍ ദേവീആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പുണ്യകാലമാണ് നവരാത്രി. ഒന്‍പത് രാത്രികളും പത്ത് ദിവസങ്ങളും നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം പരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്നതിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തവണ ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുന്നത്. ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ് മഹാനവമി/ ആയുധപൂജ. ഒക്ടോബര്‍ 21ന് നടക്കുന്ന വിജയദശമി/ വിദ്യാരംഭം/ പൂജയെടുപ്പ് ചടങ്ങുകളോടെയാണ് ദിവസങ്ങള്‍ നീണ്ട നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button