KeralaNews

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ പ്രവേശന തീയതി നീട്ടുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു.

എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്മിഷന്‍ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവര്‍ത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട വിദ്യാർത്ഥികൾക്കാണ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടിയിരുന്നത്. ചെല്ലാൻ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഇവർ അറിയിച്ചിരുന്നു. മാത്രമല്ല, അവധി ദിവസമായതിനാൽ മെഡിക്കൽ കോളേജുകളിൽ സ്റ്റാഫിൻ്റെ കുറവുമുണ്ടാകും.

മെഡിക്കല്‍ പ്രവേശന അലോട്ട്‌മെന്റിലെ പ്രതിസന്ധി റിപ്പോര്‍ട്ടര്‍ വാര്‍ത്തായാക്കിയിരുന്നു. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവേശനം നേടണം. എന്നാല്‍ കേരളത്തില്‍ ആ സമയങ്ങളില്‍ വെറും രണ്ട് ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഓണം അവധി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി വന്നത്. എന്നാൽ അവധി ദിവസങ്ങൾ പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപെടുകയായിരുന്നു. തുടർന്നാണ് പ്രവേശന നടപടികള്‍ക്കുള്ള തീയതി 28 മുതല്‍ സെപ്റ്റംബര്‍ 5 വരെ ആക്കി കൊണ്ടുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button