
കൊച്ചി നഗരത്തിൽ വിദ്യാർഥി സംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. എറണാകുളം സൗത്ത് ജനതാ റോഡിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളും ഏതാനും സുഹൃത്തുക്കളും, ലോ കോളേജിലെ വിദ്യാർഥികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
തേവര എസ്എച്ച് കോളജിലെ രണ്ട് വിദ്യാർഥികളും അവരുടെ സുഹൃത്തുക്കളും പ്രദേശത്തുള്ള ഒരു ചായക്കടയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ലോ കോളജിലെ വിദ്യാർഥികളും അതേ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ പെട്ടെന്നുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലും കൂട്ടയടിയിലും കലാശിക്കുകയായിരുന്നു.
സംഘർഷത്തിനിടയിൽ നിലത്തുവീണ ഒരു യുവാവിന്റെ തലയ്ക്ക് അക്രമികൾ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം പരിക്കേറ്റ വിദ്യാർത്ഥി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിയിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.



