
കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച കളിപ്പാട്ട പന്ത് തൊണ്ടയിൽ കുടുങ്ങി കർണാടകയിലെ മൈസൂരു ജില്ലയിൽ അഞ്ച് വയസുകാരൻ മരിച്ചു. കർണാടകയിലെ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. സമ്മാനമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.
മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായിക്കിന്റെയും പേരക്കുട്ടിയും, സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്താണ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വിഴുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിനാൽ, അസ്വാഭാവിക മരണത്തിന് കേസോ മറ്റ് ക്രിമിനൽ നടപടികളോ നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അധികൃതർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും, ഔദ്യോഗിക പരാതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



