KeralaNews

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: അമ്മയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ശ്വേതാ മേനോൻ

താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജി വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. അക്കാര്യം ഉറപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

സംഘടനയിലെ ചിലരെ മുന്നില്‍നിര്‍ത്തി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരകളെ എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അത് മാധ്യമ ശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത മേനോന്‍ കുറിച്ചു. ചിലരുടെ സാമ്പത്തികക്രമക്കേടുകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി പറയുന്നതിന് പകരം വ്യക്തി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു.

ബിജെപി ആഭിമുഖ്യം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കും ശ്വേത മോനോന്‍ മറുപടി നല്‍കി. 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയപാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ തനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നുവെന്ന ആരോപണത്തിന്റെ യുക്തിയെന്താണെന്നാണ് ശ്വേത മേനോന്‍ ചോദിക്കുന്നത്. ‘ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.

അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഞാന്‍ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ത്ഥന’, ശ്വേത മേനോന്‍ കുറിച്ചു. ഭയപ്പെടുകയോ കീഴ്‌പ്പെടുകയോ പിന്മാറുകയോ ഇല്ല. സത്യം ഉച്ചത്തില്‍ വിളിച്ചുപറയുമെന്നും ശ്വേത പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button