KeralaNews

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോ‍ർട്ട് ഒരു മാസത്തിനകം സമർപ്പിക്കും: എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോ‍ർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് എൻ ഷംസുദ്ദീൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വതന്ത്ര്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഇരുട്ടിലാക്കി പിഎം ശ്രീ പ​ദ്ധതിയിൽ ഒപ്പിട്ടതാണെന്ന് ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. അതിൻ്റെ പേരിൽ പിടിച്ചുവെച്ച ഫണ്ട് റിലീസ് ചെയ്തു തന്നതാണെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. ഒപ്പിട്ട് നാലാമത്തെ ദിവസം എസ്എസ്കെയുടെ ഫണ്ട് കൊടുത്തതാണെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു.

ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാർ ആണെന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ കൊടുത്ത കത്തിന്റെ പേരിൽ ഇതിൽ നിന്ന് പിന്മാറാൻ ആവില്ല. അവർ ഉണ്ടാക്കിയ പ്രതിസന്ധിയാണ്. എന്നിട്ട് ഇപ്പോൾ അവർ പുകമറ സൃഷ്ടിക്കുന്നു. സ്വന്തം തെറ്റ് മറക്കാനാണ് അതെന്നും ഷംസുദ്ദീൻ വിമർശിച്ചു. യുഡിഫ് സർക്കാർ ഒരിക്കലും ആർഎസ്എസ് വിധേയത്വം കാണിക്കില്ലെന്നും രാജ്യത്ത് ഉടനീളം സംഘപരിവാർ ഭീകരർക്ക് എതിരെ പോരാടുന്നത് കോൺഗ്രസ്‌ ആണെന്നും എം ഷംസുദ്ദീൻ അവകാശപ്പെട്ടു.

നേരിടുന്നത് ഒരു സർക്കാരും നേരിടാത്ത പ്രതിസന്ധി, പുതുയുഗ കേരളത്തിലേക്കുളള യാത്രയാണ് ആരംഭിച്ചത്; മുഖ്യമന്ത്രി
പിഎംശ്രീ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി സമസ്ത എ പി വിഭാഗത്തിൻ്റെ മുഖപത്രം രം​ഗത്ത് വന്നിരുന്നു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പൈതൃകത്തെയും മതേതര താത്പര്യങ്ങളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നാണ് എ പി വിഭാ​ഗത്തിൻ്റെ മുഖപത്രമായ സിറാജ് നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയെക്കുറിച്ച് വാചാലരാവുകയും വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തവര്‍ അധികാരത്തിലേറിയപ്പോള്‍ അതേനയത്തിന് കീഴടങ്ങുന്നത് നീതികേടും സംസ്ഥാനം ഇക്കാലമത്രയും സൂക്ഷിച്ച ആദര്‍ശങ്ങളോടുള്ള പുറം തിരിഞ്ഞുനില്‍പ്പുമാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിച്ചിരുന്നു.

പിഎം ശ്രീ പദ്ധതിയിൽ പഴയ നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ചിരുന്നു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്തയച്ചത്. ഭരണകക്ഷിയിലെ യുവജനസംഘടനകള്‍ പിഎം ശ്രീയില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഇന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും സര്‍ക്കാര്‍ നിലപാടില്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button