
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും ഷിഗെല്ലബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആര്‍ജവ് ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഈ മാസം 12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കോഴിക്കോട് 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടുപേര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.



