
സിബിഎസ്ഇ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണമെന്ന ആവശ്യം ശക്തം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി വിദ്യാർത്ഥികൾ സജീവമായി. പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ ഫലത്തിനെതിരെയും വ്യാപക പരാതി. പല വിദ്യാർത്ഥികളും മൂന്ന് വിഷയങ്ങൾക്ക് വരെ തോറ്റുവെന്നാണ് പരാതി. പുനർ മൂല്യനിർണയത്തിന് ഉത്തരപേപ്പറുകളുടെ പകർപ്പിന് അപേക്ഷിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കിരിക്കെയാണ് സോഷ്യൽമീഡിയയിലെ പ്രചാരണം നടക്കുന്നത്.
സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്ക് നിർണയ രീതിക്ക് എതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്.പുനർമൂല്യനിർണ്ണയ സംവിധാനവും താറുമാറായതിൽ സിബിഎസ്ഇ യിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതെ സംസ്ഥാനത്തെ സ്കൂളുകളും വലഞ്ഞു. സാങ്കേതിക പ്രശ്നം മാത്രമെന്നും ജൂൺ 15 ന് പുറത്തിറക്കുന്ന പുതിയ സർക്കുലറിൽ പരിഹാരം ഉണ്ടാകുമെന്നുമാണ് ആശങ്ക അറിയിച്ച സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷന് കിട്ടിയ മറുപടി. സ്വകാര്യ ഏജൻസികൾ ഉത്തരക്കടലാസുകൾ അപ്ലോഡ് ചെയ്തതിൽ വലിയ വീഴ്ചയുണ്ടെന്നും ഈ രീതി വലിയ പ്രതിസന്ധിയിലാകും അവസാനിക്കുകയെന്നും കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പേട്രൻ ഇബ്രാഹിം ഖാൻ പറഞ്ഞു.

