
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിലേക്ക്. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച AICC നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. തുടർന്ന് ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകാനാണ് നിലവിലെ സാധ്യത.
എം.എൽ.എമാരുമായി നിരീക്ഷകർ നടത്തിയ കൂടിക്കാഴ്ചയിൽ മൂന്ന് നേതാക്കളെയും പിന്തുണച്ചുള്ള സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത് . ഇക്കാര്യം വിശദീകരിക്കാൻ നിരീക്ഷകർ തയ്യാറായില്ലെങ്കിലും പിന്തുണ സംബന്ധിച്ച് അവകാശവാദവുമായി ഗ്രൂപ്പുകൾ രംഗത്തെത്തി. എം.എൽ.എമാരിൽ 46 പേർ പിന്തുണച്ചെന്നാണ് കെ.സി. വേണുഗോപാൽ ഗ്രൂപ്പിന്റെ വാദം. 35 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വി.ഡി. സതീശൻ വിഭാഗവും, 23 പേരുടെ പിന്തുണ ഉണ്ടെന്ന് രമേഷ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു.



