
പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തിൽ കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കി. ഈ ബിൽ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നൽകും.
കേരള സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയിൽ, ബിൽ പ്രകാരം ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നൽകും. ഇത് സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന അധികാരിക രേഖ ആയി അംഗീകരിക്കപ്പെടും. നിലവിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിയമപരമായിട്ടില്ലാത്തതിനാൽ ഓരോ ആവശ്യത്തിനും പല പ്രാവശ്യം അപേക്ഷ നൽകേണ്ടി വരാറുണ്ടായിരുന്നു. ബിൽ പാസായതോടെ, കേരളീയർക്ക് നിയമ പിൻബലമുള്ള രേഖ ലഭിക്കുന്നതും, അവരുടെ പൗരത്വ അവകാശങ്ങൾ ഉറപ്പാക്കുന്നതും സാധ്യമാകും.
ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. പുറന്തള്ളലിന്റെ രാഷ്ട്രീയത്തിന് തിരിച്ചടി നൽകുന്ന ശക്തമായ സംരക്ഷണമാണ് ഇത്. കേരളം ഉൾക്കൊള്ളലിന്റെ മൂല്യത്തെ മുൻനിർത്തിയാണ് ഈ ബിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന ഉറപ്പോടെ നേറ്റിവിറ്റി കാർഡ് ബില്ല് പാസാക്കിയ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ നിയമം പ്രകാരം, ഇനി കേരളീയർ പിന്നാമ്പുറക്കാരല്ല എന്നതും, സർക്കാർ നൽകുന്ന സേവനങ്ങൾക്ക് അർഹരാണെന്നതും അദ്ദേഹം വ്യക്തമാക്കി.


