
മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പൊലീസ് നടപടി.
കോഴിക്കോട് സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.



