KeralaNews

കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി; സര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ ആവശ്യത്തിലുള്ള നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങി ഏതാനും വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് എന്‍. നഗരേഷ് പരിഗണിച്ചത്.

ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ പ്രതിദിനം 14 -16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമെന്നു ഹര്‍ജിക്കാരായ വനിതാ കണ്ടക്ടര്‍മാര്‍ വാദിച്ചു. കര്‍ണാടക, ബിഹാര്‍, ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളില്‍ ഇത് അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അവിടത്തെ സ്ഥാപനങ്ങള്‍ ലാഭത്തിലല്ലേ എന്ന് കോടതി ചോദിച്ചു. കര്‍ണാടകയില്‍ മാത്രമാണ് ഈ അവധിയുള്ളതെന്നും അതു സര്‍ക്കാര്‍ അനുവദിച്ചതാണെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഷ്ടപ്പെടുമ്പോള്‍ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴില്‍ വിന്യാസത്തെയും സര്‍വീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. 1842 കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 2846 വനിതാ ജീവനക്കാര്‍ക്കും പ്രതിമാസം 2 അവധി വീതം ആകെ 5692 അവധി വേണ്ടിവരും. ആര്‍ത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇതിനു വ്യവസ്ഥയില്ലെന്നും വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button