NationalNews

അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം

അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.

അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ശുപാർശകൾ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM) മുന്നോട്ടുവച്ചിരുന്നു.

ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ഡൽഹി സർക്കാരും മുനിസിപ്പൽ കോർപറേഷനും അടക്കം ബന്ധപ്പെട്ട എല്ലാ ഏജൻസികളും നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. ശുപാർശകൾ നടപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതി നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button