
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നലെ തള്ളി. ജസ്റ്റിസ് എ ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ധന്‍ ഹൈക്കോടതിയെ അറിയിച്ചത്.


