
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജേഷിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.
മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു. അവസാന നിമിഷം ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന മണിക്കൂറുകളിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ, ശ്രീലേഖയെ മറികടന്ന് രാജേഷ് നായക സ്ഥാനത്തെത്തുകയായിരുന്നു.
വി മുരളീധര പക്ഷവും ആര്‍എസ്എസും പിന്തുണച്ചതാണ് വി വി രാജേഷിന് തുണയായത്. രണ്ടാം തവണയാണ് വി വി രാജേഷ് നഗരസഭ കൗണ്‍സിലറാകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും, നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.



